Thursday, August 12, 2010

അഞ്ചു ആറു യ്വാഴ്.....

ബസ്സില്‍ സദ്യവട്ടത്തെ കുറിച്ച് ചര്‍ച്ചിക്കുന്നതിനിടയില്‍ ആണ് ഒരു സംഭവം ഓര്‍മ വന്നത്. പണ്ട് ചേച്ചിയുടെ കല്യാണത്തിന് കൊച്ചിയില്‍ കൂടെ പഠിച്ചിരുന്ന ചില സുഹൃത്തുക്കള്‍ എത്തിയിരിന്നു. ഞാന്‍ ആണേല്‍ കൊച്ചിയില്‍ അച്ചടി ഭാഷ സംസാരിക്കുന്ന തിരുവനന്തപുരംകാരന്‍ ആയിരുന്നു. പലരും ചോദിച്ചിട്ടുണ്ട്, നിന്റെ സംസാരത്തില്‍ ആ ഒരു ഇത് ഇല്ലാന്ന്! റാഗിങ്ങ് ടൈമില്‍ വാര്‍ത്ത വായിക്കാന്‍ ആണോ ഇങ്ങോട്ട് വന്നത് എന്ന് വരെ ചോദിച്ചിട്ടുണ്ട്. ഞാന്‍ അപ്പോള്‍ വാചാലനാകും, ഞങ്ങള്‍ വീട്ടില്‍ ഇങ്ങനെയാ സംസാരിക്കുന്നെ, തിരുവനന്തപുരത്തെ അപൂര്‍വം ചില പ്രാന്ത പ്രദേശങ്ങളില്‍ മാത്രം ആണ് അത്തരം ഭാഷ കണ്ടു വരുന്നത് എന്നൊക്കെ.

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ വെച്ചായിരുന്നു കല്യാണം. കൂട്ടുകാരെ എന്റെ ഒരു ബന്ധുക്കളെയും അടുപ്പിക്കാതെ സുരക്ഷിതമായി ഞാന്‍ ഊണ് പുരയില്‍ എത്തിച്ചു. അവര്‍ ആരോടെങ്കിലും സംസാരിച്ചു പോയാല്‍ തീര്‍ന്നു സംഗതി. അത് കൊണ്ട് അവരെ തന്നെ ചുറ്റി പറ്റി നിന്ന് ഓരോ സദ്യ വിഭവങ്ങളുടെ പ്രത്യേകതകള്‍ വിവരിച്ചു അവരുടെ ശ്രദ്ധ തെറ്റിച്ചു കൊണ്ടേ ഇരുന്നു. അപ്പോളാണ് എന്റെ ഒരു മാമന്‍ ദൂരെ നിന്ന് എന്നെ വിളിച്ചത്.

"ഡേയ് അപ്പീ, ഉള്ളി പെയ്യ്‌ പറഞ്ഞാണ് യിവിടെ യ്വാഴ് യെല ക്വണ്ടിടാന്‍"!

ഹോ സര്‍വതും ശുഭം! വെട്ടി വിഴുങ്ങിക്കൊണ്ടിരുന്നവന്മാര്‍ എല്ലാം വാ പൊത്തി ചിരിക്കാന്‍ തുടങ്ങി. ഞാന്‍ എന്റെ സകല അപകര്‍ഷതാ ബോധവും തൂക്കി എറിഞ്ഞിട്ടു ചീറി,

"രായണ്ണാ യെവന്മാര്‍ക്ക് ത്വാന ചോറ് യിട്ട് ക്വടുത്താണ്, തൊള്ളകള് നെറക്കട്ട്" !

ഇന്നിപ്പം റാപ്പിഡകസ് തിര്വന്തോരം സ്പീക്കിംഗ് കോഴ്സ്‌ വരെ ഇറങ്ങിയെക്കുന്നു, എല്ലാര്‍ക്കും അത് പഠിച്ചാല്‍ മതിയെന്ന്!

Wednesday, August 11, 2010

! Happy Birthday Paakkara !


പാക്കരന് പിറന്നാള്‍ ആശംസകള്‍ !

വീണ്ടും ഒരു ഓണക്കാലം.

അങ്ങനെ വീണ്ടും ഒരു ഓണക്കാലം വരവായി. എന്നെ സംബന്ധിച്ച് ഇരുപത്തിയാറാമാത്തെത്. അതിലൊരു പതിനെട്ട്‌ ഓണം എങ്കിലും നല്ലോണം ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടെ! എത്ര ഓര്‍ത്താലും എല്ലാരേയും പോലെ ആദ്യം ഓടിവരുന്നത് കുട്ടിക്കാലത്തെ ഓണം തന്നെ. ഓണപ്പരീക്ഷ എന്ന നൂല്പാലം കടന്നു കിട്ടുന്ന പത്ത് ദിവസ്സങ്ങള്‍ . നാട്ടു വഴികളിലൂടെ പൂതേടി അലഞ്ഞ് അത്തം മുതല്‍ തിരുവോണം വരെ പൂക്കളം ഇട്ടു നടന്ന ഓണക്കാലം അല്ല കേട്ടോ എന്റേത്. പൊതുവേ അത്തം തുടങ്ങുക പരീക്ഷ ദിനത്തില്‍ ആയിരിക്കും. അതോണ്ട് പൂപറിച്ചു കറങ്ങി നടക്കന്‍ ഒന്നും ടൈം കിട്ടില്ല. തോട്ടടുത്തുള്ള ക്ലബ്ബിലെ ചേട്ടന്മാര്‍ വഴിവക്കില്‍ പന്തല്‍ കെട്ടി ദിനവും പല ആകൃതിയിലുള്ള പൂക്കളം ഇടുന്നത് നോക്കി രസിക്കും, അത്ര തന്നെ.

സ്കൂളിലെ ഓണാഘോഷത്തോടെ ആണ് ഓണത്തിന് തിരി തെളിയുന്നത്. പഠിച്ചത് മലങ്കര കാത്തലിക്‌ സ്കൂളില്‍ ആയതിനാല്‍ ടീച്ചര്‍മാര്‍ സെറ്റും മുണ്ടും ഉടുത്ത് വരുന്ന കാഴ്ചയൊന്നും പതിവല്ല. അച്ചന്മാരും ബ്രദറന്‍മാരും മദറുകളും സിസ്ടര്‍മാരും പിന്നെ കോട്ടന്‍ സാരി കഞ്ഞി പശയില്‍ മുക്കി തേച്ചു മിനുക്കിയത് ഉടുത്ത അല്ലറ ചില്ലറ ടീച്ചര്‍മാരോടും ഒപ്പം ഒരു ഓണാഘോഷം, അത്രയെ അതിനെ കുറിച്ച് വിശേഷിപ്പിക്കാന്‍ ഉള്ളു. പിന്നെ വരവായി ഓണപ്പരീക്ഷ എന്ന പീഡനകാലം. അതൊന്നു ഉന്തി തള്ളിവിട്ടാല്‍ തുടങ്ങുകയായി നമ്മുടെ കേവലം പത്തു ദിനങ്ങളില്‍ ഒതുങ്ങുന്ന സ്വാതന്ത്ര്യം!

തിരുവനന്തപുരത്തെ ഓണത്തിന് ഒരു പ്രത്യേകത ഉണ്ട്. ബള്‍ബുകളുടെ ഓണം ആണ് തിരുവനന്തപുരത്ത്. കവടിയാര്‍ മുതല്‍ യൂനിവേഴ്സിറ്റി കോളേജ്‌ വരെ മരച്ചില്ലകള്‍ മുഴുവന്‍ കുഞ്ഞു കുഞ്ഞു പല നിറത്തിലുള്ള ബള്‍ബുകള്‍ . പരീക്ഷക്ക്‌ സ്കൂളില്‍ പോകുമ്പോള്‍ നോട്ടം മുഴുവന്‍ ഈ മരച്ചില്ലകളില്‍ ആയിരിക്കും. നഗരസഭയുടെ മേല്‍നോട്ടത്തില്‍ പണിക്കാര്‍ അവ മരച്ചില്ലകളില്‍ തൂക്കിയിടുന്നത് കാണാന്‍ ഒരു കൌതുകം തന്നെ.

പരീക്ഷ കഴിയുന്ന മുറക്ക് നഗരസഭയുടെ ഓണം വാരാഘോഷം ആരംഭിക്കുകയായി. വൈകുന്നേരങ്ങളില്‍ ഈ കുഞ്ഞു ബള്‍ബുകള്‍ മിന്നിതിളങ്ങും. അവ കാണാന്‍ പോവുക എന്നതാണ് ഞങ്ങളുടെ ഓണം. ലൈറ്റ്‌ കാണല്‍ എന്ന ഓമനപ്പേരില്‍ ആണ് അവ അറിയപ്പെട്ടിരുന്നത്. എന്നും വൈകുന്നേരം അച്ഛന്‍ വരുമ്പോള്‍ തുടങ്ങും ലൈറ്റ് കാണാന്‍ കൊണ്ടോവണം എന്ന മുറവിളി. വെറും ലൈറ്റ്‌ കാണലില്‍ അത് ഒതുങ്ങില്ല. കനകകുന്ന് കൊട്ടാര വളപ്പില്‍ കാണാന്‍ വേറെയും കാഴ്ചകള്‍ ഉണ്ട്. ഒരു കുഞ്ഞു അമ്യുസ്മെന്റ്റ്‌ പാര്‍ക്ക്‌ തന്നെ കുട്ടികള്‍ക്കായി അവിടെ തുറനിട്ടുണ്ടാവും. അവയില്‍ ഏറ്റവും കേമന്‍ ജയിന്റ് വീല്‍ ആണ്. അതില്‍ കയറി കറങ്ങി ഏറ്റവും മുകളില്‍ എത്തിയാല്‍ സെക്രട്ടറിയേറ്റിന്‍റെ ഉച്ചി വരെ കാണാം.

നിശാഗന്ധി ആഡിറ്റോറിയത്തില്‍ നാടന്‍ കലകള്‍ , പുത്തരികണ്ടത്ത് ഗാനമേള, ജല അതോറിറ്റിയുടെ വക വെള്ളച്ചാട്ടം, വഴിക്കച്ചവടക്കാരന്റെ ബലൂണും പീപ്പിയും...അങ്ങനെ പോകുന്നു ഓണ വിഭവങ്ങള്‍ . ഉത്രാടം മുതല്‍ ചതയം വരെയുള്ള ദൂരദര്‍ശന്‍ പ്രത്യേക സംപ്രേക്ഷണം ആണ് അടുത്ത വിഭവം (ചതയത്തിനു ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള ചില ഡോക്കുമെന്ററികള്‍ ആയിരുന്നു കല്ലുകടി). ഉത്രാട പാച്ചില്‍ എന്നാല്‍ പുത്തരികണ്ടം മൈതാനിയിലെ ഓണം സ്റ്റാള്‍ ആണ്! ചുള് വിലയില്‍ പച്ചക്കറികളും എത്തന്കായും വാങ്ങാന്‍ അച്ഛനോടൊപ്പം ക്യൂ നില്‍ക്കേണ്ടി വരുന്ന അണ്‍സഹിക്കബിള്‍ അനുഭവം. വൈകുന്നേരം പാര്‍ത്ഥസിലെ ഓണകോടി വാങ്ങല്‍ ആണ് എന്ജോയബിള്‍ മെമറി. ചേട്ടനും എനിക്കും ഒരേ നിറത്തില്‍ ഉള്ള തുണിത്തരം വാങ്ങി തരാന്‍ അച്ഛന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്നൊക്കെ അങ്ങനെയാ, ഒരേ തരത്തിലുള്ള വസ്ത്രത്തിന്റെ സിമ്പല്‍ തന്നെ സഹോദരങ്ങള്‍ എന്നതാണ്! മറ്റൊരു സ്പെഷ്യല്‍ വിഭവം ഊഞ്ഞാല്‍ ആണ്. വീടിനു മുന്നില പേരാ മരത്തില്‍ കെട്ടുന്ന ഊഞ്ഞാല്‍. തല കറങ്ങുവോളം അതില്‍ ആടും. പല തരാം ആട്ടം ഉണ്ട്. രണ്ടു പേര്‍ എതിര്‍ ദിശയില്‍ ഇരുന്നുള്ള ആട്ടം, ആടിക്കൊണ്ടിരിക്കുന്നതില്‍ ചാടിക്കയറിയുള്ള ആട്ടം, ഊഞ്ഞാലിനടിയില്‍ കൂടെയുള്ള ഓട്ടം...അങ്ങനെ അങ്ങനെ.

തിരുവോണത്തിന് നേരെ ചൊവ്വേ സദ്യ ഉണ്ട ഓര്‍മയില്ല, രാവിലെ പത്താകുമ്പോള്‍ തുടങ്ങും പായസം കുടി. പൊതുവേ വീട്ടില്‍ കടലപ്പായസ്സം ആണ് വെക്കാറ്‌. ഞാന്‍ ആണേല്‍ അതിന്‍റെ ഉത്തമ പ്രിയനും. അതോണ്ട് രാവിലെ തുടങ്ങും പായസം മോന്തല്‍. ഉച്ച ആകുമ്പോള്‍ ഇനി ഉള്ളിലേക്ക് ഒന്നും പോകില്ല എന്ന അവസ്ഥ. ഇലയില്‍ വിളമ്പിയത് കഴിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ഒരു വെറും ശ്രമം മാത്രമേ ഉണ്ടാവാറുള്ളൂ. ശരിക്കും സദ്യ കഴിക്കുന്നത്‌ രാത്രിയില്‍ ആണ്. സദ്യ എന്നാല്‍ എനിക്ക് പരിപ്പും പപ്പടവും ചോറിനോട് കൂട്ടി കഴിക്കുന്നതാണ് (തിരുവനന്തപുരം സദ്യയില്‍ പരിപ്പുകറി ആണ് ആദ്യം ചോറിനോടൊപ്പം കൂട്ടിക്കഴിക്കുക, അടുത്ത വിളമ്പില്‍ ആണ് സാമ്പാര്‍ എത്തുക. പായസം പൊതുവേ മൂന്നു തരം ആണ്. അട പ്രഥമന്‍, കടല, പിന്നെ സെമിയ. ഇതില്‍ സെമിയ ബോളി - മഞ്ഞ നിറത്തിലുള്ള രുചികരമായ ദോശ, അല്ലെങ്കില്‍ ബൂന്തിയോടൊപ്പം ആണ് കഴിക്കുക. വീട്ടില്‍ കടലപ്പായസ്സം മാത്രേ ഉണ്ടാവാറുള്ളൂ).

ഓണം കൊടിയിറങ്ങുന്നത് വാരാഘോഷത്തിന്റെ ഭാഗം ആയ ഘോഷയാത്രയോടെ ആണ്. ഫ്ലോട്ട് (float) കാണാന്‍ പോവുക എന്നാണു അതിനെ ഞങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. കവടിയാറില്‍ നിന്നും വൈകുന്നേരം മൂന്നാകുമ്പോളെക്കും തുടങ്ങുകയായി നിശ്ചല ദ്രിശ്യങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത്. പല ജില്ലകളുടെയും സ്ഥാപനങ്ങളുടെയും വകയായി ആകര്‍ഷകമായ ഫ്ലോട്ടുകള്‍ . അച്ഛന്റെ ചുമലില്‍ ഇരുന്നാണ് ഞാന്‍ പൊതുവേ അത് ആസ്വദിക്കാറു. ഘോഷയാത്ര കഴിഞ്ഞാല്‍ അന്ന് രാത്രി ഒന്ന് കൂടെ ലൈറ്റ് കാണാന്‍ ഒരു കറക്കം ഉണ്ട്. കൂടെ പഠിക്കുന്ന പലരെയും അപ്പോള്‍ കണ്ടുമുട്ടാറുണ്ട്. അവരും എന്നെ പോലെ അച്ഛന്റേം അമ്മേടേം കൈയും പിടിച്ചു കറങ്ങി നടക്കുന്നുണ്ടാവും.

ഇപ്പോള്‍ ഞാന്‍ കൊതിയ്‌ക്കാറുണ്ട് ഓണത്തിനെങ്കിലും അച്ഛന്റെ കൈയും പിടിച്ചു അമ്മേടെ സാരിതുമ്പും ആട്ടി അങ്ങനെ കറങ്ങി നടക്കാന്‍. അതെങ്ങനെയാ ഇന്നിപ്പം എല്ലാര്‍ക്കും അതൊക്കെ നാണക്കേടല്ലേ! എന്തൊക്കെയായാലും എനിക്കെന്റെ കൊച്ചു നഗരത്തിലെ കുഞ്ഞു നാളിലെ ഓണം തന്നെ ഏറ്റവും പ്രിയപ്പെട്ടത്!

Monday, August 2, 2010

മായുന്നുവോ നമ്മുടെ മുല്ലപ്പൂ?മധുരൈ മല്ലി എന്ന് പ്രസിദ്ധി ആര്‍ജിച്ച തമിഴ്നാടിന്റെ സ്വന്തം മല്ലികപൂ ഇപ്പോള്‍ വംശ നാശം നേരിട്ടുകൊണ്ടിരിക്കുകയാണത്രേ! പണ്ടൊക്കെ ഹാല്ഫ്‌ സാരിയും, പാവാടയും ദാവണിയും അണിഞ്ഞ പെണ്‍കുട്ടികള്‍ മുല്ലപ്പൂ അല്ലേല്‍ മല്ലിപൂ ചൂടാതിരുന്നില്ല. ഇന്ന് കാലം മാറി കോലം മാറി! പെണ്കുട്ട്യോള് ജീന്സിലെക്കും ചുരിദാറിലേക്കും ചേക്കാറാന്‍ തുടങ്ങി. അതിനോട് മാച്ചിംഗ് അല്ലാത്ത മല്ലിപ്പൂവിനെ കൈയ്യൊഴിഞ്ഞു. കല്യാണ ദിനത്തില്‍ വധുവിനു ചൂടാന്‍ ഉള്ളതാണ് മല്ലികപ്പൂ എന്നായിരിക്കുന്നു! പെണ്കുട്ട്യോള് മുല്ലപ്പൂ ചൂടുകയോ ചൂടാതിരിക്കുകയോ ചെയട്ടെ, അതിനെ വിമര്‍ശിച്ചാല്‍ ഞാന്‍ ഒരു സ്ത്രീ വിരുദ്ധന്‍ ആയി പോകും. എന്നാലും ലലനാ മണികള്‍ ഉപേക്ഷിച്ചത് കൊണ്ട് മാത്രം മുല്ലപ്പൂ അന്യം നിന്ന് പോകുന്നത് എങ്ങനെ?


വാണിജ്യാ അടിസ്ഥാനത്തില്‍ മുല്ലപ്പൂ കൃഷി ചെയ്തു കൊണ്ടിരുന്നത് ലലനാ മണികളെ ഉന്നം വെചായിരുന്നുവത്രേ! ഇപ്പോള്‍ മാര്‍ക്കറ്റ് കുറഞ്ഞു, കൃഷിയില്‍ ലാഭം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുമായി. മുല്ലപ്പാടങ്ങള്‍ മെല്ലെ മറ്റു വിത്തുകള്‍ കൈയ്യേറി. വീടുകളില്‍ പൂന്തോട്ടം എന്ന സങ്കല്‍പം തന്നെ മായുന്നത് കൊണ്ട് മുല്ലക്ക് അവിടേം രക്ഷയില്ല. സുഗന്ധത്തില്‍ നിന്നും മനുഷ്യന്‍ ദുര്‍ഗന്ധത്തിലെക്ക് സ്വയം നടന്നകലുന്നു! കുഞ്ഞു നാളില്‍ നാട്ടു വഴികളിലൂടെ കേട്ടിരുന്ന ആ വിളി കാതുകളില്‍ ഇരമ്പുന്നു...പിച്ചി ഇരമ്പേ...മുല്ല്യെ......